Thursday, January 17, 2013

ആയിക്കോട്ട്പ്പാ ..........


ആയിക്കോട്ട്പ്പാ ... എന്നു ദാമോദരന്‍ പറഞ്ഞപ്പോള്‍ തങ്കമണി ടീച്ചര്‍ക്ക് എന്താണ് കാര്യമെന്ന് പിടി കിട്ടിയിരുന്നില്ല , എച് എമ്മിന് മുഷിച്ചില്‍ തോന്നേണ്ട എന്നുകരുതി അവര്‍ തലകുലുക്കി വെറുതേ ചിരിച്ചു .

സെവന്ത് ഡിയിലെ ശരവണന്റെ അച്ഛന്‍ വേലുച്ചാമി വന്നിരുന്നു ..
ടീച്ചര് കണ്ണടച്ച് ഓന് കണക്കിലൊരു അഞ്ചുമാര്‍ക്കു കൂടുതലിട്ടു കൊടുക്കണം , നമ്മക്ക് ചെയ്യാന്‍ പറ്റുന്ന ഒരു സഹായം ല്ലേ, ന്നു കരുതിയാല്‍ മതി .

തങ്കമണി ടീച്ചര്‍ തന്റെ നീല സാരിയെ വെളുപ്പിച്ച ചോക്കുപൊടി കൈകൊണ്ടു തട്ടി വൃത്തിയാക്കി .

ദാമോദരന്‍ മാഷ്‌ ടീച്ചറെ നോക്കി .. ടീച്ചര് കനിഞ്ഞില്ലെങ്കില്‍ ന്റെ മോള്‍ടെ വീടിന്റെ തേപ്പുപണി നിക്കും , വെലുച്ചാമി പറഞ്ഞാ പറഞ്ഞത് പോലെയാ . മരുമോന്‍ ഗള്‍ഫില്‍ നിന്നും വിളിക്കുമ്പോള്‍ , വീട്ടുപണി എന്തായീന്ന പറയ്വാ ... ഞാന്‍ കൊഴങ്ങിയിരിക്ക്വാ ന്റെ ടീച്ചറേ .

നമ്മളായാലും നമ്മടെ കുട്ടിക്ക് ശ്ശി മാര്‍ക്ക് കൂടുതല്‍ കിട്ടണമെന്നല്ലേ വിചാരിക്ക , അയിനായി ചില അല്ലറ ചില്ലറ പൊടിക്കൈകളും ടിപ്പണികളുമൊക്കെ നമ്മളും ചെയ്യാറുള്ളതല്ലേ ടീച്ചറേ ? ഒരു വാസ്തവം നേരിട്ടവതരിപ്പിക്കുന്നതുപോലെ മാഷ്‌ മേശമേല്‍ കൈകുത്തി വിസ്തരിച്ചു .

തങ്കമണി ടീച്ചര്‍ എച്എമ്മിന്റെ മുറിയുടെ ഉത്തരത്തിലേക്ക്‌ നോക്കി , ഉത്തരത്തില്‍ കോര്‍ത്തിട്ടിരിക്കുന്ന വളഞ്ഞ കഴുക്കോലുകള്‍ അവരെ നോക്കി കൊഞ്ഞനം കുത്തി .

അപ്പോ ..ടീച്ചറേ പറഞ്ഞത് പോലെ .

ആയിക്കോട്ട്പ്പാ ..
.തങ്കമണി ടീച്ചറുടെ നാക്കില്‍ നിന്നും അറിയാതെ വാക്കുകള്‍ തെറിച്ചു .