Thursday, January 17, 2013

എന്‍റെ ആകുലതകള്‍ --02


കപടദൈവത്താൽ കൊല്ലപ്പെട്ട സത്നാം സിംഗ്...!!!

അങ്ങനെ മറക്കപ്പെട്ടുകൂടാ ഈ കൊല...!!!

മറവി ശിലമാക്കിയ പൊതുജനത്തേ ഓർമ്മപ്പെടുത്തിക്കൊണ്ടേ ഇരിക്കാം...!!
ഈ മരണത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നവര്‍ക്കും മക്കളുണ്ടായിരിക്കുമല്ലോ- മന്ത്രിമാര്‍ക്കും പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം. ആ മക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനൊരവസരം കൂടിയാണ് ഇത്. ആള്‍ദൈവങ്ങള്‍ കണ്ണുപൂട്ടിയിരുന്നാലും പ്രപഞ്ചനീതിക്ക് കണ്ണുംകാതുമുണ്ട് എന്നു കരുതണം. നീതിക്കുവേണ്ടിയുള്ള അനാഥന്റെ രക്തത്തിന്റെ വിലാപം അത് കേള്‍ക്കും. അതും ഒരമ്മയാണ്- ചമയങ്ങളൊന്നുമില്ലെങ്കിലും......

ആശ്രമത്തില്‍ നിന്ന് പിടിക്കപ്പെട്ടപ്പോള്‍ മുതല്‍ സത്‌നാംസിങ് എന്ന യുവാവ് മര്‍ദനങ്ങളുടെ ഒരു പരമ്പരക്കിരയായി. എന്തു കുറ്റമാണയാള്‍ ചെയ്തത്? അമൃതാനന്ദമയിയുടെ ദര്‍ശനരംഗത്ത് ശബ്ദമുയര്‍ത്തിയതോ? അതിനെ കുറ്റമായി രേഖപ്പെടുത്തിയിട്ടുള്ള ഒരു ഇന്ത്യന്‍ ശിക്ഷാനിയമമുണ്ടെങ്കില്‍ അതെവിടെ? മാനസികാസ്വാസ്ഥ്യമുള്ളവനായ അയാള്‍, അമൃതാനന്ദമയിയുടെ സന്നിധാനത്തില്‍ മാനസികാസ്വാസ്ഥ്യലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോ? അതിന് ഇത്ര ഭീകരമായ മര്‍ദനവും മരണശിക്ഷയും വിധിക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമം എവിടെ? കരുണാമൂര്‍ത്തിയെന്നും സ്‌നേഹനിധിയെന്നുമെല്ലാം വിശേഷിപ്പിക്കപ്പെടുന്ന ഒരു സ്ത്രീയുടെ കണ്‍മുമ്പില്‍ നിന്ന് നായയെപ്പോലെ അടിച്ചിറക്കി മര്‍ദിക്കപ്പെട്ട ആ യുവാവ്, മാനസികാരോഗ്യാശുപത്രിയിലെ തറയിലൂടെ ഇഴഞ്ഞ് കുളിമുറിയിലെ നിലത്ത് വീണുകിടന്ന വെള്ളം നായയെപ്പോലെ നക്കിക്കുടിച്ചാണ് മരിച്ചത്. ഒരു മലയാളിക്കും ഇത്തരം മരണം ഉണ്ടാകാതിരിക്കട്ടെ.

അമൃതാനന്ദമയി അവരുടെ കരുണയെയും സ്‌നേഹത്തെയുംപറ്റി പ്രകീര്‍ത്തിക്കപ്പെടുന്ന വ്യക്തിയാണ്. അവരുടെ മുമ്പില്‍ നമസ്‌കരിക്കാത്ത ഇന്ത്യന്‍ പ്രമാണികള്‍ ആരുണ്ട്? അവര്‍ സ്‌നേഹസന്ദേശം എത്തിക്കാത്ത, ആശ്ലേഷ സൗഭാഗ്യം അവതരിപ്പിക്കാത്ത ഏത് നാടുണ്ട്? അവരോളം സമ്പദ്‌സമൃദ്ധയായ മറ്റേത് ഗുരുവുണ്ട്? പ്രപഞ്ചത്തിന്റെ കരുണ അവര്‍ക്കതെല്ലാം നല്‍കി. പക്ഷേ... പക്ഷേ... ഭാഗ്യവതിയായ ഈ കാരുണ്യമൂര്‍ത്തിക്ക്, സത്‌നാംസിങ് എന്ന യുവാവിനെ തന്റെ മുമ്പില്‍ നിന്ന് കൊലയ്ക്കുകൊണ്ടുപോകുമ്പോള്‍, ഒരൊറ്റ വാക്കുപറയാന്‍ നാവുപൊന്തിയില്ലല്ലോ. അവരുടെ പ്രശസ്തമായ ഭാഷയില്‍ പറഞ്ഞാല്‍: ''ആ മോനെ വെറുതെ വിട്ടേക്കൂ. അവനൊന്നും അറിഞ്ഞുകൂട. അവനോട് ക്ഷമിക്കൂ'' എന്നൊരു വാക്ക് ഉരിയാടാന്‍ ഈ കാരുണ്യകേദാരത്തിന് കഴിഞ്ഞില്ല. ആ ഒരു വാക്ക് അവരുടെ നാവില്‍ ഉദിച്ചിരുന്നെങ്കില്‍ ആ സാധു യുവാവിന്റെ രക്തത്തിന് നാമെല്ലാം ഉത്തരം പറയേണ്ടിവരുമായിരുന്നില്ല. കഷ്ടം! ആള്‍ദൈവങ്ങളുടെ നാവിനെയും ബന്ധിക്കുന്ന ഭൂതങ്ങളുണ്ട് എന്ന് നാം മനസ്സിലാക്കുന്നു. ആക്രമിക്കപ്പെട്ടതും നായയെപ്പോലെ തറയിലെ വെള്ളം നക്കി മരിച്ചതും അമൃതാനന്ദമയിയല്ല, സത്‌നാംസിങ് എന്ന നിരപരാധിയായ യുവാവാണ് എന്ന് മനസ്സിലാക്കാന്‍ കഴിയാഞ്ഞതാണ് കേരളത്തിലെ ഇന്നത്തെ ഭരണകൂടത്തിന്റെ മാരകവും മനുഷ്യത്വരഹിതവുമായ മൂഢത. ഒരുപക്ഷേ, അത് മനഃപൂര്‍വമായ ഒരു മൂഢതാ പ്രദര്‍ശനമായിരുന്നിരിക്കാം. സത്‌നാം സിങ്ങിനായിരുന്നു സുരക്ഷ നല്‍കേണ്ടത്. അയാളായിരുന്നു ആക്രമിക്കപ്പെട്ടത്, അമൃതാനന്ദമയി അല്ല. പക്ഷേ, അയാള്‍ അടിയേറ്റ് അന്ത്യശ്വാസം വലിക്കുമ്പോള്‍ കേരളഭരണകൂടത്തിലെ പ്രമാണിമാര്‍ ആശ്രമത്തിന്റെ സുരക്ഷയ്ക്ക് കിതച്ച് ഓടിയെത്തിക്കൊണ്ടിരിക്കുകയായിരുന്നു. അവര്‍തന്നെയാണ് ഇനി നടത്താന്‍പോകുന്ന അന്വേഷണ പ്രഹസനത്തിന്റെ ചുമതലക്കാരും എന്നോര്‍ക്കുമ്പോള്‍ മലയാളിയായിരിക്കുന്നതില്‍ ദുഃഖിക്കാതെ വയ്യ.