Tuesday, October 23, 2012

മിച്ചമൂല്യ പ്രത്യയശാസ്ത്രവും പുത്തന്‍ തൊഴില്‍ മേഘലകളും


മാർക്സിസത്തിന്റെ താത്ത്വിക സാങ്കേതികകൾ ഒഴിവാക്കി പറഞ്ഞാൽ ഒരു 

പ്രായോഗിക തൊഴിലാളിപ്പാർട്ടിയുടെ അടിസ്ഥാനം മിച്ചമുല്യമാണു. 

തൊഴിലാളിയുടെ അദ്ധ്വാനമാണു ഒരു ചരക്ക് ഉൽ‌പ്പാദിപ്പിക്കുന്നത്. അത് 

വിൽക്കുമ്പോൾ വിൽപ്പനക്കാരനു ലഭിക്കുന്ന ലാഭമാണു മിച്ചമൂല്യം. അതു 

മുതലാളി എടുക്കും. ആ ലാഭവും തൊഴിലാളിയുടെ അദ്ധ്വാനമാണെന്നാണു 

മാർക്സിസത്തിന്റെ വാദം. അതു തൊഴിലാളികളുമായി പങ്കുവെക്കണമെന്നു 

ആവശ്യപ്പെട്ടാണു മാർക്സിസം അടിസ്ഥാനമായുള്ള തൊഴിലാളിപ്പാർട്ടികൾ 

ഉണ്ടായത്. അങ്ങനെ ചെയ്യാത്തവൻ ചൂഷകനായ ബൂർഷ്വയാകുന്നു. 

അതായത് മിച്ചമൂല്യം പിടിച്ചുവക്കുന്ന ചൂഷകർ. ഇടനിലക്കാരന്റെ ഈ 

ചൂഷണസ്വഭാ‍വമാണു മാർക്സിസത്തിൽ ബൂർഷ്വയെ അടയാളപ്പെടുത്തുന്നത്. 

മിച്ചമൂല്യത്തിന്റെ സ്വാർത്ഥമായ സ്വന്തമാക്കലാണു ബൂർഷ്വകളോടുള്ള 

ശത്രുതയും. 


മനുഷ്യാദ്ധ്വാനം നേരിട്ട് ഉപയോഗപ്പെടുത്തിയിരുന്ന ഖനികളിലും, 


കൃഷിയിലും മറ്റ് നിർമ്മാർണ പ്രവർത്തനങ്ങളിലും ഈ വാദം മാർക്സിന്റെ 

കാലത്തൊക്കെ ശരിയുമായിരുന്നു. എന്നാൽ കാലം മാറി. ഇന്നിപ്പോൾ 

മിച്ചമൂല്യം സ്വന്തമാക്കുന്നത് സംരഭകനായ മുതലാളിയല്ല. 

സാങ്കേതികവിദ്യകളാണു ഇന്നു ബുർഷ്വ! പക്ഷെ അതിനെ അങ്ങനെ 

വിവക്ഷിക്കാൻ ലോകത്ത് ഒരു കമ്മ്യൂണിസ്റ്റു പാർട്ടിയും തയാറായിട്ടില്ല. 

ഇന്റെലെക്ച്വവൽ പ്രോപ്പർട്ടി എന്നു പറഞ്ഞ് സാങ്കേതിക വിദ്യയോട് ഒരു 

ഭയം കലർന്ന ബഹുമാനത്തോടെ മാറി നിൽക്കുകയാണു അവർ ചെയ്യുന്നത്. 

ബുദ്ധിമാന്മാരായ ഒരു ന്യൂനപക്ഷം ആളുകൾ സാങ്കേതിക വിദ്യയെ 

മുൻ‌നിർത്തി ചൂഷണം ചെയ്യുന്നത് ആരും ശ്രദ്ധിക്കുന്നില്ല. 


സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചൂഷണത്തിന്റെ ഏറ്റവും പ്രകടമായ 


ഉദാഹരണം ഐ.ടി.രംഗത്തു കാണാം. അവിടുത്തെ മിച്ചമൂല്യം വളരെ 

വലുതാണു. ആ ലാഭം ലാക്കായിയാണു ബി.പി.ഒ കമ്പനികൾ നിലവിൽ 

വന്നത്. അവിടെ തൊഴിലാളികൾ ഖനികളിലെ തൊഴിലാളികളെപ്പോലെ തന്നെ 

അടിമകളാണു. രാത്രി എല്ലാ മനുഷ്യർക്കും ഉറങ്ങാനുള്ളതാണു. പക്ഷെ 

അവിടെ അവൻ ഉറങ്ങാതിരുന്നു അദ്ധ്വാനിക്കണം. അതിനുള്ള പഠിപ്പ് അവൻ 

സ്വയം നേടിയെടുത്ത് അവിടെ ചെല്ലണം. ആധുനിക അടിമ അവന്റെ 

കുടുംബബന്ധങ്ങൾ ജോലിക്ക് അനുസൃതമായി ക്രമപ്പെടുത്തണം. ഇത്രയൊക്കെ 

ചെയ്താലും മിച്ചമൂല്യത്തിനു ആനുപാതികമായി വേതനം കിട്ടുന്നുമില്ല. 

അന്നുമിന്നും കോരനു കഞ്ഞി കുമ്പിളിൽ തന്നെ. ലാഭം ചൂഷകൻ 

കൊണ്ടുപോകും. 


എന്നാൽ ഇവരെ ഏതെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടികളോ തൊഴിലാളി 


സംഘടനകളോ ശ്രദ്ധിക്കുന്നതായി കാണുന്നില്ല. വിദ്യാഭ്യാസം നേടുകയും 

ശീതീകരിച്ച മുറികളിൽ ജോലി ചെയ്യുകയും യാത്രയ്ക്കും മറ്റും 

സൌകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുകയും ചെയ്തത് കണ്ടിട്ട് അവർ 

ബുർഷ്വകളാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്നു. ഇങ്ങനെ സൂക്ഷ്മമായി 

പരിശോധിച്ചാൽ സാങ്കേതിക വിദ്യപിടിമുറുക്കി ചൂഷണം ചെയ്യുന്ന 

അനവധി തൊഴിൽ മേഖലകൾ കണ്ടെത്താൻ കഴിയും. അവിടെ ഇടപെടാൻ 

തൊഴിലാളിപ്പാർട്ടികൾക്ക് കഴിയാതെ പോകുന്നത് മിച്ചമൂല്യത്തെക്കുറിച്ചുള്ള 

മാർക്സിയൻ നിർവ്വചനം ഇന്നും അന്ധമായി പിന്തുടരുന്നതുകൊണ്ട് 

മാത്രമാണു. മിച്ചമൂല്യത്തെ പുനർനിർവ്വചിക്കാനും അതിനു അനുസൃതമായി 

മാർക്സിസത്തെ പരിഷ്കരിക്കാനും ഒരു സംഘടനയ്ക്കും 

താല്പര്യമുള്ളതായി കാണുന്നില്ല. ആരും അതിനു മെനക്കെടുന്നില്ല. 


തൊഴിലാളിയുടെ നിർവ്വചനത്തിൽ ഇന്നും മാർക്സ് വിഭാവനം ചെയ്ത 


ഖനികളിലും പാടങ്ങളിലും നേരിട്ട് അദ്ധ്വാനിക്കുന്ന തൊഴിലാളി വിഭാഗം 

മാത്രമേയുള്ളു. അവരാണെങ്കിൽ സാങ്കേതിക വിദ്യയോട് സഹകരിച്ച് 

മിച്ചമൂല്യത്തിന്റെ അവകാശം ഏറെപിടിച്ചു പറ്റിക്കഴിഞ്ഞു. അതിന്റെ 

വിഹിതം ഭീമമായ ഒരു മൂലധനമായി അവർ സംഘടനയ്ക്ക് കൈമാറുന്നുണ്ട്. 

അത് ലഭിക്കുന്നതു കൊണ്ടാവാം തൊഴിലാളി സംഘടനകൾ പഴയകാല 

ജന്മിയെപ്പോലെ ആലസ്യത്തിലാണ്ട് മയങ്ങുകയാണു.


ആധുനിക തൊഴിലാളി വർഗ്ഗത്തെ കണ്ടെത്താനും വർഗ്ഗരാഷ്ട്രീയത്തിൽ 


അവരെ രേഖപ്പെടുത്താനും സംഘടിപ്പിക്കാനും ആരാണു മുന്നോട്ട് വരിക? 

ഈ ഐസുകട്ട പൊടിക്കുന്നവൻ ആരായിരിക്കും?