Thursday, October 25, 2012

മണ്‍മറിഞ്ഞ ആചാരങ്ങള്‍ മുഖ്യധാരയില്‍ തിരിച്ചെത്തുന്നു

കാൽ തൊട്ടുള്ള വന്ദനം ഒരു ഭാരതീയ ശൈലിയാണു. പാശ്ചാത്യ 
വിദ്യാഭ്യാസം വ്യാപകമായതോടെ അതു മോശമാണെന്നു പലർക്കും തോന്നി  ഉപേക്ഷിക്കപ്പെട്ടു.  ഇപ്പോൾ അതു ശക്തമായി തിരിച്ചു വരുന്നത്   കാണുമ്പോൾ സന്തോഷമുണ്ട്. സുഗതകുമാരി വി.എസ്സിന്റെ കാൽ തൊട്ട്  വന്ദിക്കുന്ന ചിത്രവും വാർത്തയും 22-10-12 ലെ കേരളകൌമുദിയിൽ കണ്ടതാണ് ബ്ലോഗെഴുതാന്പ്രേരണയായത്.

താ-പിതാ ഗുരുക്കന്മാരെയും ആര്യന്മാരേയും ഏവരും കാൽതൊട്ട് വന്ദിക്കണം. സ്ത്രീകൾ ഭർത്താക്കന്മാരെ നിർബ്ബന്ധമായും അങ്ങനെ ചെയ്യേണ്ടതാണു. എന്നാൽ അതൊരു മനുവാദമാണെന്ന ഫെമിനിസ്റ്റുകളുടെ വാക്ക് കേട്ട് ഉൽപ്പതിഷ്ണുക്കളായ നാം അതെന്നേ ഉപേക്ഷിച്ചു. ഹിന്ദുവിവാഹങ്ങളിൽ ഒരു ചടങ്ങെന്ന നിലയിൽ ഇത് പാലിക്കപ്പെട്ടു വരുന്നുണ്ട്. അതും അത്ര മനസോടെയല്ല. മാത്രമല്ല അത് ചെയ്യുന്നതിൽ ഒരു ചമ്മലുണ്ട് താനും. ആടയാഭരണങ്ങൾ കാരണം പല വധുക്കൾക്കും പാദം വരെ കുനിയാനും പറ്റാറില്ല.

കാൽതൊട്ട് വണങ്ങൽ പിന്നെ കാണപ്പെടുന്നത് കലോത്സവേദികളിലാണു. സമ്മാനം കിട്ടാനുള്ള ആക്രാന്തം കൊണ്ട് ചെയ്തു പോകുന്നതാണു. ശരിക്കും വേദിയിലിരിക്കുന്ന നടരാജനെയാണു വന്ദിക്കേണ്ടത്. പക്ഷെ നടരാജനെ വിറ്റ് കാശ് കയ്യിലിരിക്കുന്ന നട്ടുവാങ്കത്തിനേയും ജഡ്ജസിനേയും സംഘാടകരേയുമാണു നമുക്ക് ഭയം. അപ്പോൾ കാലല്ല എന്തും വണങ്ങിപ്പോകും.
  
സന്യാസിമാരെ കണ്ടാൽ പാദനമസ്കാരം നടത്തണമെന്നാണു ചിട്ട. ബ്രഹ്മവിത്തുകളാണവർ. എന്നാൽ ബ്രഹ്മം ഒരു അന്ധവിശ്വാസമാണെന്നു സായിപ്പ് പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് മോഡേൺ ആവണമെങ്കിൽ ആത്മനെ നിഷേധിക്കണം എന്നതാണു രീതി. സാഹചര്യത്തിൽ പാദപൂജ നടത്തിയവരേയും അതു സ്വീകരിച്ച സന്യാസിമാരേയും നാം കണക്കറ്റ് പരിഹസിച്ചു.

സിനിമയിൽ മോഹൻലാലിനും രജനീകാന്തിനും ഇതു ഇത് ഒരു അനുഷ്ഠാനമായിരിക്കാൻ സാദ്ധ്യതയുണ്ട്. (ഇരുവരേയും നേരിട്ട് പരിചയമില്ല) 

ഇപ്പോൾ പാദവന്ദനം, നിർല്ലജ്ജം നമുക്ക് ചെയ്യാൻ കഴിയുന്ന വിധത്തിൽ തിരിച്ചു വന്നിരിക്കുന്നത് ഒരു വലിയ പുരോഗതിയാണു. മണ്മറഞ്ഞു പോയതും ഓടിച്ചു വിട്ടതുമായ ആചാരങ്ങൾ തിരിച്ചു വരുന്നത് കാണുമ്പോൾ ഒരു സന്തോഷമുണ്ട്. അവയിലൊക്കെ എന്തോ കാര്യമുണ്ടായിരുന്നു എന്നു നാം തിരിച്ചറിയാൻതുടങ്ങിയിരിക്കുന്നല്ലോ. അതു മതി.


No comments:

Post a Comment